
പണ്ട് ഞങ്ങള്‍ നാട്ടിന്‍ പുറത്തെ
കുട്ടികള്‍
ഉപ്പുവെച്ച് കളിക്കുമായിരുന്നു
വടക്കേപ്പുറത്തെ മുരിങ്ങമരത്തിന്റെ
അഴിഞ്ഞുലഞ്ഞ
സ്വാതന്ത്ര്യത്തിന്‍ നിഴലില്‍
വരിക്കപ്ലാവിന്റെ അമ്മിഞ്ഞകള്‍ക്കടിയില്‍
ചേമ്പിലയുടെ നുണക്കുഴികള്‍ക്കിടയില്‍
അങ്ങിനെ ആരും കാണാത്ത
ചെറിയ ചെറിയ ഇടങ്ങളില്‍
ഉപ്പുകൂനകള്‍
കൂട്ടുകാര്‍ കണ്ടുപിടിക്കുമ്പോള്‍
ഞാന്‍ വിതുമ്പുകയും വഴക്കടിക്കുകയും
ചെയ്യും
ശംഖുപുഷ്പംപോലത്തെ
നുണക്കുഴികളുള്ള സൈനബ
കളിയാക്കും
ഈ കുട്ടിക്ക് ഒന്നും അറിയില്ലെന്ന്
പറയും
ശരിക്കും അറിയില്ലായിരുന്നു
വെളുത്ത ഷമ്മീസില്‍
പറ്റിയത് ഞാവല്‍ പഴത്തിന്റെ
കറയല്ലെന്ന്
ഉപ്പുവെച്ചു കളിക്കുന്നയിടങ്ങളെല്ലാം
എന്നെന്നും ഒളിപ്പിക്കാനാവില്ലെന്ന്
ക്ലാസിലെന്നും സൈനബ
പിന്നിലെ ബഞ്ചിലായിരുന്നു
പെരുക്ക പട്ടികയറിയാത്തതിന്
രാഘവന്‍ മാഷെന്നും തുടക്ക് നുള്ളി
ചെവിപിടിച്ചു ഞെരിച്ചു
ഏഴില്‍ തോറ്റതോടെ നിക്കാഹും
കഴിഞ്ഞു
ഞങ്ങളെല്ലാവരും
ഉപ്പുവെച്ചുകളി ഇ-നെറ്റിലും
ഇ-മെയിലിലുമാക്കി
തൊട്ടില്‍ വളപ്പിന്റെയും
നാരങ്ങതൊടിയുടെയും
മണങ്ങള്‍ മറന്നു
ഇലകള്‍ മഞ്ഞ പൂക്കള്‍
പച്ചയെന്ന് മാറ്റി പാടി
ഇന്നലെയാണെന്ന് തോന്നുന്നു
ചാനലുകളുടെ പ്രളയത്തില്‍
സൈനബയെ കണ്ടത്
കോടതി വളപ്പില്‍
അവള്‍ ഉപ്പുവെച്ചു കളിക്കുന്നു
മൊഴി പലവട്ടം മാറ്റുന്നു
പേര് സൈനബ കാര്‍ത്തിക
ബേബി ………………….നിശ്ചയമില്ലാത്ത പോലെ
ഒന്ന്, രണ്ട്, മൂന്ന് ഉപ്പു കൂനകള്‍
എണ്ണുന്നു
കൊല്ലത്ത് കാസര്‍കോഡ്
കോടമ്പാക്കത്ത്
കണക്ക് വീണ്ടും തെറ്റുന്നു
രാഘവന്മാഷിന്റെ
നീണ്ടു വരുന്ന
വിരലുകള്‍
അവളുടെ ഒക്കത്തിരുന്ന്
മുഷിഞ്ഞ കണക്കുപുസ്തകം പോലെ
ആകാശം കാണുന്ന ഒരു കുഞ്ഞ്
ചുവന്ന തട്ടം ഒന്നുകൂടി വലിച്ചിട്ട്
അവള്‍ ഉറപ്പിക്കുന്നു
നാല്പ്പത്തിയാറ്
നാല്പ്പത്തിയാറ്
ഒരു വട്ടം
രണ്ടു വട്ടം
ഉപ്പു കൂനകളുടയുന്നു
നനഞ്ഞ കവിളില്‍
തെളിയുന്നു
ആ നുണക്കുഴി
ഭൂമിയുടെ മുറിവുപോലെ………………………….
note
------
ഉപ്പു വെച്ചു കളി ---- ഞങ്ങള്‍
കുട്ടികള്‍ പണ്ട് കളിച്ചിരുന്നത്
വീടിനു പിറകിലും മറ്റും
മണ്‍ കൂനകള്‍ ഉണ്ടാക്കി വെക്കും
അതു കൂട്ടുകാര്‍ കണ്ടു പിടിക്കണം
പിന്നെയും കണ്ടുപിടിക്കാത്തത്
കൂടുതലുള്ളവര്‍ ഒന്നാമതാവും