2009, മേയ് 10, ഞായറാഴ്‌ച

അംഗനവാടി-അഥവാ-പെണ്‍പൂന്തോട്ടം



ഓര്‍മ്മയില്‍ അംഗനവാടി
ശാന്തടീച്ചറുടെ
നനഞ്ഞ കുടപോലെ
തോളില്‍ കറുത്ത ബാഗും
നാലുമണിപ്പൂവിന്റെ
ചിരിയുമായവര്‍
വേലിക്കല്‍ നിന്നമ്മയോട്
മുലപ്പാലിന്റെ
ഗുണത്തെക്കുറിച്ച് പറയും
മഞ്ഞപ്പിത്തത്തിന്
കീഴാര്‍നെല്ലിയാണ്
നല്ലതെന്ന് ഉപദേശിക്കും

ഇടക്ക് സര്‍ക്കാറിന്റെ
സ്വന്തം ആളായി
ഒരു വരവുണ്ട്
ആ കറുത്തകുടക്കും
വള്ളിച്ചെരുപ്പിനും
അറിയാത്ത വഴികളുണ്ടാവില്ല
ഗ്രാമത്തില്‍

കണക്കെടുപ്പ്,കുത്തിവെപ്പ്
ക്യാമ്പുകള്‍
ഏതു തിരക്കിലും
ഓര്‍മ്മിക്കും
വേവാറായ ഉപ്പുമാവിനെയും
പാതിവഴിയില്‍ നിന്നു
ചിണുങ്ങുന്ന മഴക്കുഞ്ഞുങ്ങളേയും
നാരങ്ങമുട്ടായി തന്ന് ആശ്വസിപ്പിക്കും
മിനുത്തമാറില്‍ ചേര്‍ത്തുനിര്‍ത്തി
ഒന്നെന്ന് ചൊല്ലുമ്പോള്‍
ഒന്നിച്ച് നില്‍ക്കണമെന്ന്
പറയും

ഇടക്ക് നാമൊന്ന് നമുക്കൊന്ന്
എന്ന ബോര്‍ഡ് വന്നപ്പോഴും
ഉറകള്‍ ഉപയോഗിക്കാനുള്ള വിളംബരം ഉണ്ടായപ്പോഴും
പാത്തുമ്മയുടെ പേറ് നിര്‍ത്താനും
സമ്മാനമായി ബക്കറ്റ്
കൊടുക്കാനും മറന്നില്ല

പിന്നീട് കാലംമാറി കഥമാറി
സാക്ഷരകേരളം സുന്ദരകേരളമായി
മുക്കിലപ്പീടികക്കും രണ്ടത്താണിക്കും
പകരം സില്‍ക്ക് പാര്‍ക്കും
ബ്യുട്ടിക്യുനും വന്നു
ആരു കടന്നുപോകുമ്പോഴും
അഹങ്കാരത്തോടെ പൊടിപറത്തിയിരുന്ന
ചെമ്മണ്‍പാത
ഒന്നടങ്ങിയൊതുങ്ങി
കറുത്ത ടാറില്‍ കുളിച്ചു
ജോണി... ജോണി എസ് പപ്പയെന്ന
കൂക്കിവിളികള്‍
അതിലൂടെ പാഞ്ഞുപോയി

ശാന്തടീച്ചര്‍ എണ്ണക്കം പഠിപ്പിച്ചവര്‍
രണ്ടും മൂന്നും കുട്ടികളുമായി
ഓണത്തിനും തിരുവാതിരക്കും മാത്രം
അതിലൂടെ വരുന്ന വിരുന്നുകാരായി
അപ്പോഴും ശാന്തടീച്ചറും
അവരുടെ നരച്ച ഓര്‍ഗന്റി സാരികളും
വീടുകള്‍‍ തോറും കയറിയിറങ്ങി
മതിലിനകത്തെ ആള്‍സേഷന്‍
കുരകളില്‍ പകച്ചു നിന്നു
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി വെളുത്തൊരു കുഞ്ഞാട്
എന്നു പാടി
ഉപ്പുമാവിന്റെ വേവുനോക്കി

പ്രസവരേഖകളില്ലാ​ത്ത
വയറിന്റെ ചെരിവുകളില്‍
കുഞ്ഞുങ്ങളെ കിടത്തിയുറക്കി
ബ്ലൌസിനടിയിലെ
നാരങ്ങമുട്ടായികള്‍കാട്ടി
അവരുടെ കരച്ചില്‍ മാറ്റി!

2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. നാട്ടികയിലെ ബാലവാടിയിലെ ശാന്തറ്റീച്ചറെയാണോ ഉദ്ദേശിച്ചത്?
    കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ