2010, ഡിസംബർ 9, വ്യാഴാഴ്‌ച

എന്റെ മണ്‍പാത്രം


മൂന്ന് മുഴകള്‍
സദാചാരത്തിന്റെ
തുറുകണ്ണുകള്‍ പോലെ
വേരോടെ പിഴുതെടുക്കാന്‍ പറഞ്ഞു
ഡോക്ടര്‍മാര്‍

അറുത്തുമാറ്റാന്‍ എങ്ങിനെ കഴിയും
ജീവിതത്തിന്റെ
മധുരക്കനികളേന്തിയാ ശിഖരങ്ങളെ

പ്രണയമെന്തെന്നറിയാത്ത
-വനെറിഞ്ഞ
വിത്തും
കനിവോടെ ഏറ്റുവാങ്ങിയാ
മണ്ണിന്റെ നേരിനെ

ആദ്യമായ് വെളുത്ത ഷമ്മീസില്‍
വാകപൂചിരിയായ് പടര്‍ന്നതും
പിന്നീട് എത്ര
ഋതുഭേദങ്ങള്‍
അറിയാ വസന്തങ്ങള്‍
തീമഴ പെയ്ത സന്ധ്യകള്‍

തുടച്ചെടുക്കാന്‍ കഴിയില്ല
എത്ര ശ്രമിച്ചാലും അതിലെ
നോവിന്‍ വരകള്‍
പ്രണയപ്പാടുകള്‍
പിത്രുത്വം അവകാശപ്പെടാനില്ലാതെ
പോയ ബീജ സങ്കടങ്ങള്‍
ഭോഗ പരീക്ഷകള്‍

* * * * * * * * * * * * * * * *

ആശുപത്രിയുടെ തണുത്ത
വരാന്തയിലൂടെയുള്ള
ഇരുള്‍ മൂടിയ മടക്കയാത്രയില്‍
മൂന്ന് മുലക്കണ്ണുകള്‍ ചിരിക്കുന്ന
ഇനിയും വിശപ്പടങ്ങാത്ത
ബയോസ്പിപാത്രത്തെ നോക്കി
ഞാന്‍ പറഞ്ഞു
കൊണ്ടുപോകുന്നു കൂടെ

നനവൂറുന്നയീ മണ്‍പാത്രത്തെ

ജീവിച്ചിരിക്കുന്നുണ്ടെന്ന്
സ്വയം
വിശ്വസിപ്പിക്കാന്‍
എനിക്ക് ഇടക്കൊന്ന് ചുവക്കണം!
2010, ഡിസംബർ 8, ബുധനാഴ്‌ച

മണല്‍ക്കാലം


ഈ മരുഭൂമിയില്‍ ഒരു കാലത്ത്
നമ്മളുണ്ടാക്കിയ ഒരു പുഴയുണ്ടായിരുന്നു
കവിതയുടെ പുഴയില്‍
ഞാനും നീയും ഒരു പോലെ
നീന്തി തുടിച്ചിരുന്നു
നെരൂദ, സച്ചിദാനന്ദന്‍,
കടമ്മനിട്ട, അയ്യപ്പന്റെ തീ പാറും വരികള്‍ പോലും
നിന്റെ നാവിനു വഴങ്ങിയിരുന്ന
കവിതയുടെ വീഞ്ഞു പാത്രങ്ങള്‍ നിറച്ച സന്ധ്യകള്‍


വാക്കുകളില്‍ നഗരം മണക്കുന്ന
കവിതയുമായി രാംജിപ്രവാസമൂറുന്ന
ഈന്തപ്പഴ രുചിയുള്ള വരികളുമായി
കവികളിലെ ഹിഡംബന്മാര്‍
സര്‍ജുവും കമറുവും

ഈ ഈന്തപ്പനകളെല്ലാം
വിവര്‍ത്തനം ചെയ്യപ്പെടാത്ത തെങ്ങുകളെന്ന്
മരുഭൂമിയെ പച്ചപ്പിലേക്ക്
വിവര്‍ത്തിച്ച വിത്സണ്‍

ജീവിതം എരിഞ്ഞു തീരുന്നത്
ചോക്ക് ബോര്‍ഡിലെന്ന പോലെ
സഫലമായല്ലെന്ന അനിലിന്റെ
കൂട്ടിചേര്‍ക്കല്‍

നമ്മുടെ വഴികള്‍ പലതായിരുന്നു
എങ്കിലും ഇടക്ക് ഇടവഴികളില്‍
വെച്ചു നാം കണ്ടുമുട്ടി
കുശലം പറഞ്ഞു
വഴക്കടിച്ചു
എന്നെങ്കിലും എഴുതി തെളിയുമെന്ന്
പുസ്തകത്താളിലെ
ഒഴുകുന്ന പുഴകളിലേക്ക് നോക്കിയിരിക്കുന്വോള്‍
ആശ്വസിച്ചു
ആഗോളവും അല്ലാതെയുമുണ്ടായ മാന്ദ്യങ്ങള്‍
കവിതയിലും പിന്നെ പ്രണയത്തിലും
പുഴ മാഞ്ഞ് എത്ര വേഗമാണ്
മണലായത്
വെയിലില്‍ ചിരിക്കാന്‍
നമ്മള്‍ ഒരു പോലെ മറന്നു
പിന്നീട് ഒഴുകുന്ന പുഴകള്‍
വെറും സ്വപ്നങ്ങളായി

നാം സൂര്യനെ കല്ലെറിഞ്ഞു കാലം
കഴിച്ചു
ഇന്നു നീ പറയുന്നു
നീ കവിയല്ലെന്ന്

ചൊല്ലാന്‍ പേരിനെങ്കിലും ഒരു
കവിത കടം തരുമോയെന്ന്
ഞാനും
കവിതയില്ലെന്നു പറയുന്വോഴും
കവിയല്ലെന്നു
പറയുന്വോഴും നാമിപ്പോഴും
ഭയപ്പെടുന്നു
കവിതയില്ലാതാകുന്ന ഒരു കാലത്തെ
സച്ചിദാനന്ദനും നെരൂദയും
അയ്യപ്പനും ഒരുപോലെ
വറ്റിപോകുന്ന മനസ്സിന്റെ മണല്‍ക്കാലത്തെ.............

നോട്ട്: അനില്‍ വിത്സണ്‍ തുടങ്ങിയവരുടെ
വരികള്‍ കടമെടുത്തിരിക്കുന്നു

2010, നവംബർ 11, വ്യാഴാഴ്‌ച

തണുപ്പുകാലംഇല്ല! എനിക്ക് ഒരോര്‍മ്മയില്‍ നിന്നും

മോചനമില്ല

മരവിച്ചയീ തണുപ്പുകാലം
വീണ്ടും ഒരോന്ന് ഓര്‍മ്മപ്പെടുത്തും

ചെന്വിച്ച കന്വിളിപുതപ്പുകളുടെ
സ്പര്‍ശം
അവന്റെ മീശയുടെ
തണുപ്പുപോലെന്റെ
ഉറക്കം കെടുത്തും

ഷീഷ വലിച്ചു കൊണ്ടിരിക്കുന്ന

മരങ്ങളുടെ നഗ്നമായ ചുമലുകള്‍
ആ ആലിംഗനങ്ങളെ ഓര്‍മ്മിപ്പിക്കും

പൊഴിഞ്ഞു കിടക്കുന്നയീ ബദാമിലകള്‍
വൈന്‍പോലെയെന്നെ നുണഞ്ഞിറക്കിയ
സന്ധ്യകളെന്ന് തോന്നിപ്പോവും

തണുപ്പുകാലത്ത് വാതിലില്‍ മുട്ടൂന്ന

ഒരോ അതിഥിയുടെ കൈയിലും
വിഷാദപുഷ്പങ്ങളാണ്
മുഖം വാടുന്ന ഒരോ ഓര്‍മ്മകളും
കുടഞ്ഞിട്ട്
അവര്‍ പോകുന്നു
ഉടലില്‍ ഇറുകിപിടിച്ച
സ്വറ്റര്‍ പോലെ

അഴിച്ചുകളയാനാവാത്ത
ദിവസങ്ങളുടെ
ഭാരം എന്നിലേറുന്നു

നെരിപ്പോടൂകളെ ഓര്‍മ്മിക്കാനായി

വീണ്ടും തണുപ്പുകാലങ്ങള്‍

ഇനിയുമെന്തെഴുതാന്‍
എന്റെ സ്വപ്നങ്ങള്‍ മുഴുവന്‍

കൊള്ളയടിക്കപ്പെട്ടയീ
നഗരത്തെകുറിച്ച്
ഇതിന്റെ ഒരോ മൂലയിലും
ഒളിച്ചിരുപ്പുണ്ട്
എന്റെ നീര്‍ച്ചോലകള്‍ പച്ചപ്പുകള്‍

എന്നും അപ്റ്റുഡേറ്റായ ഈ നഗരം
ചില ഒഅഴിഞ്ഞ മൂലയില്‍
ബാക്കി വെക്കുന്ന പഴയ കെട്ടീടങ്ങള്‍
പോലെയാണ് ഞാനിന്ന്
അതെന്നും പച്ചയെ തിരഞ്ഞു പോയി
മണലിന്റെ കുത്തൊഴുക്കില്‍
അവസാനിക്കുന്നു
ചില്ലകളില്ലാത്ത ലംബമാനതകളെ
പ്രണയിച്ച് തെന്നി വീഴുന്നു

വഴിയരികില്‍ എന്നെ കാത്തു നില്‍ക്കുന്നു
വെളുത്ത മുടിയുമായ് മഞ്ഞ്
നിശബ്ദമായി, ആഡംബരങ്ങളില്ലാത്ത
ചിരിയാലവനെന്നെ പുണരുന്വോഴും
മറ്റേതോ തണുപ്പുകാലത്തില്‍
ഞാനെന്നെ മറന്നു വെക്കുന്നു!

2010, ജൂലൈ 19, തിങ്കളാഴ്‌ച

ആകാശത്തിലേക്ക് പറന്നുയര്‍ന്ന മരം!പുഷ്പാദ്രാവിഡിന്റെ ചിത്രത്തിലെന്ന പോലെ
ഒരു വൃക്ഷത്തിലേക്ക് ലയിക്കാന്‍
ഞാനും കൊതിക്കുന്നു
മരം എന്റെ തൊട്ടരികില്‍
തന്നെയുണ്ട്
ഊഞ്ഞാലു കെട്ടാന്‍ പാകത്തിന്
ചില്ലകള്‍ താഴ്ത്തി തന്ന്
ആകാശം നിറയെ ചൊരിയാനുള്ളത്ര
ഇലകളുമായി

മരമെന്നെ കാണുന്നത്
ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
അതില്‍ ഞാന്‍ ഒരു കലമാന്‍
അതെന്നോട് ഇടക്കിടെ കളിതമാശകള്‍
പറയാറുണ്ട്
വേനലില്‍
മഞ്ഞ ദുപ്പട്ട തരാമെന്നും
വസന്തത്തിലൂടെ ഒരുമിച്ചു
നടക്കാമെന്നും
പൂക്കളുടെ ഭാഷ
അഭ്യസിപ്പിക്കാമെന്നും

ദീര്‍ഘമായ ആലിംഗനങ്ങളുടെ
ലംബമാനതയിലെനിക്ക്
വേണമെങ്കിലതിനോട്
ലയിക്കാമായിരുന്നു
അപ്പോഴേക്കും
കാറ്റിന്റെ ശല്യം
കരിയിലകളിളകുന്ന ശബ്ദം
ഭയന്നു പോയിരിക്കണം
ചില്ലകളെന്നില്‍നിന്നും
വിടര്‍ത്തി
അത് ആകാശത്തിലേക്ക്
ഉയര്‍ന്നു പോയി
ഒരുപക്ഷേ അതൊരു പക്ഷിയായി
മാറിയിരിക്കണം
അതോടെ നിശ്ചലയായി പോയ ഞാനിന്നൊരു
മരമായി മറിയിരിക്കുന്നു
പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!
note
{പുഷ്പാ‍ദ്രാവിഡിന്റെ ചിത്രങ്ങളുടെ പ്രത്യേകത കണ്ടപ്പോളെഴുതിയത്}

2010, മേയ് 11, ചൊവ്വാഴ്ച

ചില കാണാച്ചരടുകള്‍

സാറ്റ്

ഒരുമിച്ച് സാറ്റ് കളിച്ചപ്പോഴും
എനിക്കൊരിക്കലുമെന്റെ
കൂട്ടുകാരെ കണ്ടുപിടിക്കാനായില്ല്ല
അവരെന്നും എന്നെ കണ്ടുപിടിച്ചു രസിച്ചു

സംസാരത്തിന്റെ സാറ്റു കളിയില്‍
ഇന്നലെ അവളുമെന്നെ തോല്‍പ്പിച്ചു
കൂട്ടുകാരിയെന്ന് പറയാറായിട്ടില്ലാത്ത
ഒരുവള്‍
അവള്‍ കൈകൊട്ടി ചിരിച്ചപ്പോള്‍
മാത്രമാണറിഞ്ഞത്
ഞാന്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നുവെന്ന്

ഉറുന്വ്

നിങ്ങള്‍ ശിക്ഷിക്കാന്‍ പോകുന്നത്
ഒരു ഉറുന്വിനെയാണ്
നിങ്ങളെക്കാളും വളരെ
ചെറിയ ഒരു ജീവിയെ

കയത്തിലേക്ക് വലിച്ചെറിയുകയോ
കഴുത്തില്‍ കയര്‍ മുറുക്കുകയോ
ചെയ്യേണ്ടതില്ല
ഒരു ചെറിയ വിരലമര്‍ത്തല്‍ മതി
എന്റെ ശ്വാസം കെടുത്താന്‍

എങ്കിലും നിങ്ങള്‍ സൂക്ഷിക്കുക
എന്റെ മുന്നില്‍ ഒരിക്കലുമൊരു
അരിമണിയോളം
ചെറുതാവാതിരിക്കാന്‍

2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

എന്റെ ഒറ്റമരം!ഒരു മരം എന്റെ നിലാവിലേക്ക്
കണ്‍ തുറന്ന്
മിഴിയുടെ നനവിലേക്ക്
ആഴ്ന്നിറങ്ങി

എന്നിലെ ഋതുഭേദങ്ങളെ
താലോലിച്ച്
നെടുവീര്‍പ്പുകളെ നെഞ്ചിലേറ്റി
മഴയും പുഴയുമായില്ലെങ്കിലും
ഓരോ ഇലയും എനിക്കു വേണ്ടി
മാത്രം പൊഴിച്ച്

ഒരു കൊടുംങ്കാറ്റിലുമിളകാത്ത
കാടിന്റെ ഗഹനതയുമായി
എന്റെ മുടിയില്‍ വസന്തത്തിന്റെ
ഓരോ പൂവിതളും ചൂടിച്ച്

എന്നില്‍ നിന്ന്
പറിച്ചെടുക്കാനാവാത്ത വേരുകളൂന്നി
എന്റെ ഒറ്റമരം
ഏതു വേനലിലും എനിക്കായ്
ഒരു ചില്ല കാത്തു വെക്കുന്നു
നിരാലംബമീ യാത്രയില്‍
അവസാന ശ്വാസത്തിനായി
ഒരു ഉഞ്ഞാല്‍ കിടക്ക തീര്‍ക്കാന്‍!

2010, ജനുവരി 4, തിങ്കളാഴ്‌ച

കള്ളിച്ചെടിഞാനീ മരുഭൂമിയില് തറഞ്ഞു പോയൊരു
കള്ളിച്ചെടി
ഉഷ്ണശിഖരങ്ങളില്
മുള്ളുകളേന്തി
ഇലകളീല്ലാതെ പൂക്കളില്ലാതെ
വിടരാനും കൊഴിയാനുമറിയാതെ

എന്റെയുള്ളില് തിളക്കുന്നുണ്ട്
ഇത്തിരി ജലം
കൊടുത്തു തീരാ‍ത്ത പ്രണയം പോലെ

ഒരു വേനലിനും ഉരുക്കാനാവാതെ
ഒരു കാറ്റിനും ഇളക്കാനാവാതെ
ഉറച്ചിരിക്കുന്നു എന്നിലീ മുള്ളുകള്
എങ്കിലും അവയെനിക്കിന്ന്
വസന്തങ്ങള്

പിറകിലും മുന്വിലും നിന്നെന്നെ
തിന്നു തീര്‍ക്കുന്ന
സൂര്യനെക്കാളും
ഒരു തുള്ളി പോലുമിറ്റിക്കാതെയൊളിച്ചു
കളിക്കുന്ന മേഘങ്ങളെക്കാളും
ഇന്നു ഞാനവയെ സ്നേഹിക്കുന്നു
അകലാനാവാതെ അടരാനാവാതെ
നുള്ളിയും പിച്ചിയും
അവയെന്നെയെന്നും
ഇറുകെ പുണര്‍ന്നു കൊണ്ടിരിക്കയല്ലെ………………………….