ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

വഴികള്‍ രചിക്കുന്നവര്‍


വഴികളെ അറിയണമെങ്കില്‍
അവയുടെ ആത്മാവിലൂടെ
കല്ലിനെയും മുള്ളിനെയും
പ്രണയിച്ച്
മരങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ച്
വെയിലിന്റെ വെള്ളാരം കണ്ണുകളിലേക്കിടക്കിടെ
കല്ലെറിഞ്ഞു രസിച്ച്
മുന്‍കൂട്ടി നിശ്ചയിക്കാത്ത
ലക്ഷ്യവുമായി
ശരീരമില്ലാതെ
നടക്കണം
വഴിയോരങ്ങളില്‍
കൂട്ടിനുണ്ടാവും
മുള്ളുകളുള്ള മാംസതളയുമായി
കള്ളിച്ചെടികള്‍
കണ്ണീര്‍കണങ്ങള്‍ പോലെ
മരങ്ങളില്‍ നിന്ന് അടര്‍ന്നുപോയയിലകള്‍
എത്ര നടന്നാലും
കണ്ടെത്താനാവാത്ത ചില തേടലുകള്‍
പിണക്കങ്ങളുടെ പാതിവഴിയില്‍
തളര്‍ന്നുറങ്ങുന്ന നിഴലുകള്‍
തിരിഞ്ഞു നോക്കാത്ത ഉപേക്ഷിക്കലിന്റെ
ചരിത്രങ്ങള്‍
എല്ലാ വഴികളിലുമുണ്ടാവും
ഒറ്റപ്പെട്ട ഒരു യാത്രികന്റെ
മറന്നു വെച്ച കാല്‍പ്പാടുകള്‍
നീറുന്ന മനസ്സില്‍
പുതിയ വഴികള്‍ രചിച്ചുകൊണ്ട്.......

2009, ഡിസംബർ 9, ബുധനാഴ്‌ച

ലിഫ്റ്റ്ആകാശം മുട്ടേയുള്ള എന്റെ
മൌന ഗോപുരത്തിലേക്ക്
കയറി പോകാനുള്ള
ഏക വാക്ക്

ഒരേ വേഗതയിലെന്നെ
ഭൂമിയില്‍ നിന്നെടുത്തുയര്‍ത്താനും
മുറിയുടെ ഒരു മൂലയിലേക്ക്
വലിച്ചെറിയാനും
ഉപകരിക്കുന്ന യന്ത്രം

എന്റെ ആവശ്യങ്ങളെ
നിറമുള്ള പാക്കറ്റുകളിലാക്കി
അങ്ങോട്ടുമിങ്ങോട്ടും താരാട്ടുന്നവന്‍

ഒന്നും രണ്ടും നിലകള്‍ക്കിടയിലെ
അരനിമിഷത്തിന്റെയേകാന്തതയില്‍
പരിചയങ്ങള്‍ പുതുക്കാനുള്ളയേകയിടം

ആരും കാണാതെയുള്ളയെന്റെ
കവിള്‍ചുവപ്പുകളും
കണ്ണീര്‍ക്കടലുകളും
അപ്പാടെ വിഴുങ്ങുന്ന ഭീകരന്‍

എന്റെ ഓര്‍മ്മയുടെ
കയറ്റിറക്കങ്ങളുള്ള കോണിപ്പടികളെ
പിന്നിലാക്കി ഒരിക്കല്‍
എന്നെയും കൊണ്ട് ആകാശവും തുരന്ന്
പറക്കാനിരിക്കുന്ന ഭീമാകാരനായ പക്ഷി!