2010, ജൂലൈ 19, തിങ്കളാഴ്‌ച

ആകാശത്തിലേക്ക് പറന്നുയര്‍ന്ന മരം!







പുഷ്പാദ്രാവിഡിന്റെ ചിത്രത്തിലെന്ന പോലെ
ഒരു വൃക്ഷത്തിലേക്ക് ലയിക്കാന്‍
ഞാനും കൊതിക്കുന്നു
മരം എന്റെ തൊട്ടരികില്‍
തന്നെയുണ്ട്
ഊഞ്ഞാലു കെട്ടാന്‍ പാകത്തിന്
ചില്ലകള്‍ താഴ്ത്തി തന്ന്
ആകാശം നിറയെ ചൊരിയാനുള്ളത്ര
ഇലകളുമായി

മരമെന്നെ കാണുന്നത്
ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
അതില്‍ ഞാന്‍ ഒരു കലമാന്‍
അതെന്നോട് ഇടക്കിടെ കളിതമാശകള്‍
പറയാറുണ്ട്
വേനലില്‍
മഞ്ഞ ദുപ്പട്ട തരാമെന്നും
വസന്തത്തിലൂടെ ഒരുമിച്ചു
നടക്കാമെന്നും
പൂക്കളുടെ ഭാഷ
അഭ്യസിപ്പിക്കാമെന്നും

ദീര്‍ഘമായ ആലിംഗനങ്ങളുടെ
ലംബമാനതയിലെനിക്ക്
വേണമെങ്കിലതിനോട്
ലയിക്കാമായിരുന്നു
അപ്പോഴേക്കും
കാറ്റിന്റെ ശല്യം
കരിയിലകളിളകുന്ന ശബ്ദം
ഭയന്നു പോയിരിക്കണം
ചില്ലകളെന്നില്‍നിന്നും
വിടര്‍ത്തി
അത് ആകാശത്തിലേക്ക്
ഉയര്‍ന്നു പോയി
ഒരുപക്ഷേ അതൊരു പക്ഷിയായി
മാറിയിരിക്കണം
അതോടെ നിശ്ചലയായി പോയ ഞാനിന്നൊരു
മരമായി മറിയിരിക്കുന്നു
പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!












note
{പുഷ്പാ‍ദ്രാവിഡിന്റെ ചിത്രങ്ങളുടെ പ്രത്യേകത കണ്ടപ്പോളെഴുതിയത്}

3 അഭിപ്രായങ്ങൾ:

  1. കവിത നന്നായിട്ടുണ്ട്
    അല്പം , അല്പം കൂടെ ശ്രദ്ധ പുലര്‍ത്തി
    യിരുന്നെങ്കില്‍ വളരെ മനോഹരമായേനെ

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിതയാകുമായിരുനു
    തുടക്കം ഗംഭീരം പിന്നെ പിന്നെ കൈ വിട്ടു പോയി എന്ന് തോനുന്നു

    മറുപടിഇല്ലാതാക്കൂ
  3. മരമെന്നെ കാണുന്നത്
    ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
    അതില്‍ ഞാന്‍ ഒരു കലമാന്‍
    അതെന്നോട് ഇടക്കിടെ കളിതമാശകള്‍
    പറയാറുണ്ട്
    വേനലില്‍
    മഞ്ഞ ദുപ്പട്ട തരാമെന്നും
    വസന്തത്തിലൂടെ ഒരുമിച്ചു
    നടക്കാമെന്നും
    പൂക്കളുടെ ഭാഷ
    അഭ്യസിപ്പിക്കാമെന്നും.. :)

    മറുപടിഇല്ലാതാക്കൂ