ഇപ്പോള്‍ അത് സാധാരണമായിരിക്കുന്നു
ബദാമിലകള്‍ പോലെ മഞ്ഞില്‍
നനഞ്ഞു ചീര്‍ത്ത്
വെയിലില്‍ ഉണങ്ങി കരുവാളിച്ച്
ആരും കാണാത്തയിടങ്ങളിലോ
കച്ചറകൂനയിലോ
ഉപേക്ഷിക്കപ്പെട്ട നിലയില്‍
കാലാവസ്ഥ പോലും
കണക്കാക്കി പറയുന്നവര്‍
ഉണ്ണിയപ്പത്തിന്റെ
റസിപ്പിക്കുപോലും
ഫോണ്‍ ചെയ്യുന്നവര്‍
അതിനെ കുറിച്ചു മാത്രം
ആര്‍ക്കുമൊന്നും അറിയാത്തപോലെ
പരിചിതമായ വഴികള്‍
എവിടെ പോയി എന്ന്
അതിശയിക്കും
പാര്‍ക്കിലെ സ്ഥിരം ഇരിപ്പിടങ്ങള്‍
ഊഹാപോഹങ്ങള്‍ക്ക്
തീ കൊളുത്തി
മിണ്ടാതെയിരിക്കും
കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്
ആകാശം ഞെങ്ങി ഞെരുങ്ങി
എത്തി നോക്കും
പച്ചയും മഞ്ഞയും ചുവപ്പും മാറി മാറി
തെളിഞ്ഞതറിയാത്ത മട്ടില്‍
പുല്‍ത്തക്കിടിയിലെ പ്രാവുകള്‍
അരിമണിക്കായുള്ള തിരച്ചില്‍
തുടരും
ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല
പിറ്റേന്ന് തന്നെ ചുവന്ന
ബോഗണ്‍ വില്ല പടര്‍പ്പുള്ള
വീട്ടില്‍ ചെന്ന് മുട്ടി വിളിച്ച്
ചോദിച്ചാല്‍
അറിയില്ലെന്ന് ചുമരുകള്‍പോലും
മുഖം തിരിക്കും!
NOTE
{ദുബായില് ഇടക്കിടെ നടക്കുന്ന ദുരൂഹതകള്
ബാക്കിയാക്കുന്ന മരണങ്ങളെ കുറിച്ച് }