2010, ഡിസംബർ 8, ബുധനാഴ്‌ച

മണല്‍ക്കാലം






ഈ മരുഭൂമിയില്‍ ഒരു കാലത്ത്
നമ്മളുണ്ടാക്കിയ ഒരു പുഴയുണ്ടായിരുന്നു
കവിതയുടെ പുഴയില്‍
ഞാനും നീയും ഒരു പോലെ
നീന്തി തുടിച്ചിരുന്നു
നെരൂദ, സച്ചിദാനന്ദന്‍,
കടമ്മനിട്ട, അയ്യപ്പന്റെ തീ പാറും വരികള്‍ പോലും
നിന്റെ നാവിനു വഴങ്ങിയിരുന്ന
കവിതയുടെ വീഞ്ഞു പാത്രങ്ങള്‍ നിറച്ച സന്ധ്യകള്‍


വാക്കുകളില്‍ നഗരം മണക്കുന്ന
കവിതയുമായി രാംജി



പ്രവാസമൂറുന്ന
ഈന്തപ്പഴ രുചിയുള്ള വരികളുമായി
കവികളിലെ ഹിഡംബന്മാര്‍
സര്‍ജുവും കമറുവും

ഈ ഈന്തപ്പനകളെല്ലാം
വിവര്‍ത്തനം ചെയ്യപ്പെടാത്ത തെങ്ങുകളെന്ന്
മരുഭൂമിയെ പച്ചപ്പിലേക്ക്
വിവര്‍ത്തിച്ച വിത്സണ്‍

ജീവിതം എരിഞ്ഞു തീരുന്നത്
ചോക്ക് ബോര്‍ഡിലെന്ന പോലെ
സഫലമായല്ലെന്ന അനിലിന്റെ
കൂട്ടിചേര്‍ക്കല്‍

നമ്മുടെ വഴികള്‍ പലതായിരുന്നു
എങ്കിലും ഇടക്ക് ഇടവഴികളില്‍
വെച്ചു നാം കണ്ടുമുട്ടി
കുശലം പറഞ്ഞു
വഴക്കടിച്ചു
എന്നെങ്കിലും എഴുതി തെളിയുമെന്ന്
പുസ്തകത്താളിലെ
ഒഴുകുന്ന പുഴകളിലേക്ക് നോക്കിയിരിക്കുന്വോള്‍
ആശ്വസിച്ചു
ആഗോളവും അല്ലാതെയുമുണ്ടായ മാന്ദ്യങ്ങള്‍
കവിതയിലും പിന്നെ പ്രണയത്തിലും
പുഴ മാഞ്ഞ് എത്ര വേഗമാണ്
മണലായത്
വെയിലില്‍ ചിരിക്കാന്‍
നമ്മള്‍ ഒരു പോലെ മറന്നു
പിന്നീട് ഒഴുകുന്ന പുഴകള്‍
വെറും സ്വപ്നങ്ങളായി

നാം സൂര്യനെ കല്ലെറിഞ്ഞു കാലം
കഴിച്ചു
ഇന്നു നീ പറയുന്നു
നീ കവിയല്ലെന്ന്

ചൊല്ലാന്‍ പേരിനെങ്കിലും ഒരു
കവിത കടം തരുമോയെന്ന്
ഞാനും
കവിതയില്ലെന്നു പറയുന്വോഴും
കവിയല്ലെന്നു
പറയുന്വോഴും നാമിപ്പോഴും
ഭയപ്പെടുന്നു
കവിതയില്ലാതാകുന്ന ഒരു കാലത്തെ
സച്ചിദാനന്ദനും നെരൂദയും
അയ്യപ്പനും ഒരുപോലെ
വറ്റിപോകുന്ന മനസ്സിന്റെ മണല്‍ക്കാലത്തെ.............

നോട്ട്: അനില്‍ വിത്സണ്‍ തുടങ്ങിയവരുടെ
വരികള്‍ കടമെടുത്തിരിക്കുന്നു

5 അഭിപ്രായങ്ങൾ:

  1. പ്രവാസത്തിന്റെ സംഭവ ബഹുലമായ ഒരു കവിതക്കാലം കൂപ്പുകുത്തി മനസ്സിന്റെ മണല്‍ കാലാമായത്‌ നല്ല വാക്കുകളില്‍ കോറിയിട്ടിരിക്കുന്നു..ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. കവിത വറ്റുമോ അനുഭവങ്ങളുടെ
    കുത്തൊഴുക്ക് നിലച്ചാല്‍ ..!!!
    പൂക്കള്‍ വിരിയാത്ത മരുഭൂമികളില്‍ ശലഭങ്ങള്‍ തേടുന്നത് എന്തായിരിക്കും ?
    നീരുറവ പോലെ ഒരിക്കല്‍ പൊട്ടിയൊലിച്ചു വരും
    നിങ്ങളുടെയുള്ളില്‍ കവിത ..ഒന്നും ഇല്ലാത്ത കാലം അതിന്റെ ജീവനായി നില്‍ക്കും

    മറുപടിഇല്ലാതാക്കൂ
  3. എല്ലാവർക്കുമായി ഒരു സ്വകാര്യം :)

    മറുപടിഇല്ലാതാക്കൂ
  4. കവിതകള്‍ക്കു
    മരണമില്ല
    മനസ്സൊരു
    മരുപ്പറമ്പായാലും
    മണല്‍ക്കാറ്റില്‍നിന്നത്
    പാറിപ്പറക്കും!!
    ചൂടുകാറ്റിനെ
    ചുട്ടെരിച്ച്
    തീവിഴുങ്ങിപ്പക്ഷിയായ്
    തീപാറും വരികളുതിര്‍ന്നുവീഴും!!

    മറുപടിഇല്ലാതാക്കൂ
  5. നല്ല കവിത...ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ