2009, ഡിസംബർ 18, വെള്ളിയാഴ്‌ച

വഴികള്‍ രചിക്കുന്നവര്‍






വഴികളെ അറിയണമെങ്കില്‍
അവയുടെ ആത്മാവിലൂടെ
കല്ലിനെയും മുള്ളിനെയും
പ്രണയിച്ച്
മരങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ച്
വെയിലിന്റെ വെള്ളാരം കണ്ണുകളിലേക്കിടക്കിടെ
കല്ലെറിഞ്ഞു രസിച്ച്
മുന്‍കൂട്ടി നിശ്ചയിക്കാത്ത
ലക്ഷ്യവുമായി
ശരീരമില്ലാതെ
നടക്കണം
വഴിയോരങ്ങളില്‍
കൂട്ടിനുണ്ടാവും
മുള്ളുകളുള്ള മാംസതളയുമായി
കള്ളിച്ചെടികള്‍
കണ്ണീര്‍കണങ്ങള്‍ പോലെ
മരങ്ങളില്‍ നിന്ന് അടര്‍ന്നുപോയയിലകള്‍
എത്ര നടന്നാലും
കണ്ടെത്താനാവാത്ത ചില തേടലുകള്‍
പിണക്കങ്ങളുടെ പാതിവഴിയില്‍
തളര്‍ന്നുറങ്ങുന്ന നിഴലുകള്‍
തിരിഞ്ഞു നോക്കാത്ത ഉപേക്ഷിക്കലിന്റെ
ചരിത്രങ്ങള്‍
എല്ലാ വഴികളിലുമുണ്ടാവും
ഒറ്റപ്പെട്ട ഒരു യാത്രികന്റെ
മറന്നു വെച്ച കാല്‍പ്പാടുകള്‍
നീറുന്ന മനസ്സില്‍
പുതിയ വഴികള്‍ രചിച്ചുകൊണ്ട്.......

2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പൂക്കളുടെ രാത്രി



മുറ്റത്ത് ഒരു ചെന്വരത്തി
ചുവന്ന സന്ധ്യയായി
വെള്ളയുടുത്തൊരു നന്ത്യാര്‍വട്ടം
വെറുതെ വിടര്‍ന്ന് വാടി

മുള്ളു കൊള്ളിക്കാതൊരു റോസാ
ആരുടെയോ പ്രണയത്തിലേക്ക്
ആഴ്ന്നിറങ്ങി

കഴിഞ്ഞ രാവിന്റെയുറക്കം
കണ്ണിലെഴുതിയ
ശംഖുപുഷ്പം
മുഖം മിനുക്കുന്നു

ഒട്ടുമാവില്‍ പടര്‍ന്നു കയറാന്‍
തുടങ്ങിയ മുല്ല കാറ്റില്‍
പിടിവിട്ട് താഴേക്ക്

സുഗന്ധ തൈലം തേച്ചു കുളിച്ചും
മാ‍റാത്ത നാറ്റവുമായി
ശവം നാറി

രാത്രിയുടെ മായക്കാഴ്ചകളിലേക്കുയര്‍ന്ന
നിശാഗന്ധി
ഇതളുകളറ്റ് നിലത്ത്

അനുവാദമില്ലാതെ പൂവിറുക്കരുത്
എന്നെഴുതിയ ബോര്‍ഡിനു കീഴില്‍
കഥയറിയാത്തൊരു കുഞ്ഞു മൊട്ട്
നാളെ വിടര്‍ന്നോട്ടെയെന്ന്
അമ്മയോട് ചോദിക്കുന്നു......

2009, ജൂലൈ 19, ഞായറാഴ്‌ച

ആ‍ര്ക്കുമറിയാത്തത്!

!


ഇപ്പോള്‍ അത് സാധാരണമായിരിക്കുന്നു
ബദാമിലകള്‍ പോലെ മഞ്ഞില്‍
നനഞ്ഞു ചീര്‍ത്ത്
വെയിലില്‍ ഉണങ്ങി കരുവാളിച്ച്

ആരും കാണാത്തയിടങ്ങളിലോ
കച്ചറകൂനയിലോ
ഉപേക്ഷിക്കപ്പെട്ട നിലയില്‍
കാലാവസ്ഥ പോലും
കണക്കാക്കി പറയുന്നവര്‍
ഉണ്ണിയപ്പത്തിന്റെ
റസിപ്പിക്കുപോലും
ഫോണ്‍ ചെയ്യുന്നവര്‍
അതിനെ കുറിച്ചു മാത്രം
ആര്‍ക്കുമൊന്നും അറിയാത്തപോലെ
പരിചിതമായ വഴികള്‍
എവിടെ പോയി എന്ന്
അതിശയിക്കും
പാര്‍ക്കിലെ സ്ഥിരം ഇരിപ്പിടങ്ങള്‍
ഊഹാപോഹങ്ങള്‍ക്ക്
തീ കൊളുത്തി
മിണ്ടാതെയിരിക്കും
കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്
ആകാശം ഞെങ്ങി ഞെരുങ്ങി
എത്തി നോക്കും
പച്ചയും മഞ്ഞയും ചുവപ്പും മാറി മാറി
തെളിഞ്ഞതറിയാത്ത മട്ടില്‍
പുല്‍ത്തക്കിടിയിലെ പ്രാവുകള്‍
അരിമണിക്കായുള്ള തിരച്ചില്‍
തുടരും
ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല
പിറ്റേന്ന് തന്നെ ചുവന്ന
ബോഗണ്‍ വില്ല പടര്‍പ്പുള്ള
വീട്ടില്‍ ചെന്ന് മുട്ടി വിളിച്ച്
ചോദിച്ചാല്‍
അറിയില്ലെന്ന് ചുമരുകള്‍പോലും
മുഖം തിരിക്കും!


NOTE
{ദുബായില് ഇടക്കിടെ നടക്കുന്ന ദുരൂഹതകള്
ബാക്കിയാക്കുന്ന മരണങ്ങളെ കുറിച്ച് }

2009, ജൂലൈ 12, ഞായറാഴ്‌ച

കവിജന്മം



ഒരു കവിക്ക് മുങ്ങിമരിക്കാന്
അരക്കോപ്പ ചായ മതി
ഈച്ചയെപോലെ വട്ടമിട്ട് പറന്ന്
അവന് അല്ലെങ്കില് അവള്
എങ്ങിനെയെങ്കിലും അതില്
വന്ന് വീണിരിക്കും
ലോകത്തോട് കാലത്തോട്
യാതൊരു ബാധ്യതയുമില്ലാതെ
കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള് പോലെ
ഒരുപക്ഷേ പ്രണയം മെഴുക്കൊലിപ്പിച്ച്
മാടി വിളിച്ചിരിക്കാം
അല്ലെങ്കില് പുതിയൊരു കാവ്യബിംബം
കണ്ടെത്താനുള്ള
സാഹസത്തിനിടയിലാവാം
കുഞ്ജന് നന്വ്യാര് മരിച്ചത്
ഹാസ്യബോധം തീരെയില്ലാത്ത
ഒരു പാണ്ടന് നായകടിച്ചാണ്
ജലമൂറുന്ന നാക്കുനീട്ടി
കിതച്ച് കിതച്ചെത്തിയ മരണം
ഇടപ്പള്ളിയുടെത് തൂങ്ങിമരണം
അവിചാരിതമായി തൊട്ടികിണറ്റില്
വീണപോലെ
ചിലന്വിച്ചൊരൊച്ച മാത്രം
കേള്പ്പിച്ചു കൊണ്ട്
ചില ചന്ദ്രികമാര്‍ക്ക്
പറഞ്ഞ് ചിരിക്കാനായി
ചങ്ങന്വുഴ പ്രണയത്തിന്റ്
വീഞ്ഞില് കുറെശ്ശെയായി അലിഞ്ഞലിഞ്ഞ്
സില്വിയപ്ലാത്തിനെയോര്‍മ്മ വരികയാണ്
എന്തിനാണ് സ്വപ്നങ്ങളുടെ കവി
മരണത്തെ തീക്ഷ്ണതയാര്‍ന്ന
കോളാന്വിപൂക്കളാക്കി
മാറ്റിയത്
മഞ്ഞുകാലത്ത്
ഒരു നെരിപ്പോടായെങ്കിലും
ആരുടെയെങ്കിലും മനസ്സില്
ഓര്‍മ്മിക്കപ്പെടാനോ?
മരണമെന്നാല്
ധീരമായിരിക്കണം
നെഞ്ചു വിരിച്ച്
മുഖമൂടിയില്ലാതെ
ഹുക്ക വലിക്കുന്ന
ലാഘവത്തിലെന്ന്
സദ്ദാം തെളിയിച്ചു
മരണത്തിന്റ് കുളക്കടവില്
കാലും മുഖവും കഴുകി
കയറിയ ലീലാമേനോന്
ശ്രീവിദ്യയെ പോലെ
മുഖശ്രീയുള്ള മരണത്തെ
പ്രാ‍പിച്ചവര്
മരിക്കാന് ചുരുങ്ങിയത്
ഒരു കടലെങ്കിലും വേണം
അല്ലെങ്കില് എയിഡ്സ്
അത്സിമേഷ്സ്
കേള്ക്കാന് സുഖമുള്ള
ഏതെങ്കിലുമൊന്ന്
അല്ലാതെ ഇത്തിരി
ജലത്തില് ഇങ്ങനെ
ഉത്തരവാദിത്വമില്ലാതെ
ചത്തുമലക്കാന് ഞാനില്ല!

2009, ജൂലൈ 3, വെള്ളിയാഴ്‌ച

ഭൂമിയുടെ മുറിവ്


പണ്ട് ഞങ്ങള്‍ നാട്ടിന്‍ പുറത്തെ
കുട്ടികള്‍
ഉപ്പുവെച്ച് കളിക്കുമായിരുന്നു


വടക്കേപ്പുറത്തെ മുരിങ്ങമരത്തിന്റെ
അഴിഞ്ഞുലഞ്ഞ
സ്വാതന്ത്ര്യത്തിന്‍ നിഴലില്‍
വരിക്കപ്ലാവിന്റെ അമ്മിഞ്ഞകള്‍ക്കടിയില്‍

ചേമ്പിലയുടെ നുണക്കുഴികള്‍ക്കിടയില്‍
അങ്ങിനെ ആരും കാണാത്ത
ചെറിയ ചെറിയ ഇടങ്ങളില്‍
ഉപ്പുകൂനകള്‍
കൂട്ടുകാര്‍ കണ്ടുപിടിക്കുമ്പോള്‍
ഞാന്‍ വിതുമ്പുകയും വഴക്കടിക്കുകയും
ചെയ്യും
ശംഖുപുഷ്പംപോലത്തെ
നുണക്കുഴികളുള്ള സൈനബ
കളിയാക്കും
ഈ കുട്ടിക്ക് ഒന്നും അറിയില്ലെന്ന്
പറയും
ശരിക്കും അറിയില്ലായിരുന്നു
വെളുത്ത ഷമ്മീസില്‍
പറ്റിയത് ഞാവല്‍ പഴത്തിന്റെ
കറയല്ലെന്ന്
ഉപ്പുവെച്ചു കളിക്കുന്നയിടങ്ങളെല്ലാം
എന്നെന്നും ഒളിപ്പിക്കാനാവില്ലെന്ന്
ക്ലാസിലെന്നും സൈനബ
പിന്നിലെ ബഞ്ചിലായിരുന്നു
പെരുക്ക പട്ടികയറിയാത്തതിന്
രാഘവന്‍ മാഷെന്നും തുടക്ക് നുള്ളി
ചെവിപിടിച്ചു ഞെരിച്ചു
ഏഴില്‍ തോറ്റതോടെ നിക്കാഹും
കഴിഞ്ഞു
ഞങ്ങളെല്ലാവരും
ഉപ്പുവെച്ചുകളി ഇ-നെറ്റിലും
ഇ-മെയിലിലുമാക്കി
തൊട്ടില്‍ വളപ്പിന്റെയും
നാരങ്ങതൊടിയുടെയും
മണങ്ങള്‍ മറന്നു
ഇലകള്‍ മഞ്ഞ പൂക്കള്‍
പച്ചയെന്ന് മാറ്റി പാടി

ഇന്നലെയാണെന്ന് തോന്നുന്നു
ചാനലുകളുടെ പ്രളയത്തില്‍
സൈനബയെ കണ്ടത്
കോടതി വളപ്പില്‍
അവള്‍ ഉപ്പുവെച്ചു കളിക്കുന്നു
മൊഴി പലവട്ടം മാറ്റുന്നു
പേര് സൈനബ കാര്‍ത്തിക
ബേബി ………………….നിശ്ചയമില്ലാത്ത പോലെ
ഒന്ന്, രണ്ട്, മൂന്ന് ഉപ്പു കൂനകള്‍
എണ്ണുന്നു
കൊല്ലത്ത് കാസര്‍കോഡ്
കോടമ്പാക്കത്ത്
കണക്ക് വീണ്ടും തെറ്റുന്നു
രാഘവന്മാഷിന്റെ
നീണ്ടു വരുന്ന
വിരലുകള്‍
അവളുടെ ഒക്കത്തിരുന്ന്
മുഷിഞ്ഞ കണക്കുപുസ്തകം പോലെ
ആകാശം കാണുന്ന ഒരു കുഞ്ഞ്
ചുവന്ന തട്ടം ഒന്നുകൂടി വലിച്ചിട്ട്
അവള്‍ ഉറപ്പിക്കുന്നു
നാല്പ്പത്തിയാറ്
നാല്പ്പത്തിയാറ്
ഒരു വട്ടം
രണ്ടു വട്ടം
ഉപ്പു കൂനകളുടയുന്നു
നനഞ്ഞ കവിളില്‍
തെളിയുന്നു
ആ നുണക്കുഴി
ഭൂമിയുടെ മുറിവുപോലെ………………………….

note
------
ഉപ്പു വെച്ചു കളി ---- ഞങ്ങള്‍
കുട്ടികള്‍ പണ്ട് കളിച്ചിരുന്നത്
വീടിനു പിറകിലും മറ്റും
മണ്‍ കൂനകള്‍ ഉണ്ടാക്കി വെക്കും
അതു കൂട്ടുകാര്‍ കണ്ടു പിടിക്കണം
പിന്നെയും കണ്ടുപിടിക്കാത്തത്
കൂടുതലുള്ളവര്‍ ഒന്നാമതാവും

ആമി...


ആമി……. നിന്നെ കുറിച്ചെഴുതുന്വോള് എനിക്കോര്‍മ്മ വരുന്നത്
നീര്‍മാതളമല്ല നീലാംബരിയല്ല

ഒരുപാട് നിറഭേദങ്ങള്‍ക്ക് ശേഷം
നീയെടുത്തണിഞ്ഞ ആ കറുത്ത
കുപ്പായമാണ്

എത്ര പകലിന്റ് നിറചിരികള്

എത്ര സന്ധ്യകളുടെ പ്രണയ ചുവപ്പ്
എത്ര രാത്രികളുടെ
വിരഹ കറുപ്പ്
അതിലൊളിപ്പിച്ചിരിക്കാം നീ
പ്രണയത്തിന്റ്, ശൂന്യതയുടെ
അനന്തമായ കാത്തിരിപ്പിന്റ്
കറുത്ത് മാനം പോലെ
നിന്റ് നീളന് കുപ്പായം
ഞങ്ങളെയെന്നും അലോസരപ്പെടുത്തി

ഒടുവില് ചന്ദനമരങ്ങള്‍ക്കിടയിലെവിടെയോ
മറയുന്നതുവരെയും
ആ കറുപ്പില് നീ മറഞ്ഞിരുന്നു
എന്തൊക്കെയോ പറയാനുള്ളതു പോലെ
ഒന്നും പറയാത്ത ഉള്‍ക്കട മോഹങ്ങളുടെ
കറുപ്പായി

നീയുപേക്ഷിച്ച്
നടന്നുപോയ പകലുകള്‍ക്കും
സന്ധ്യകള്‍ക്കുമിന്ന്
കറുപ്പു നിറം
എന്തിന് പ്രണയത്തിന്റ്
നിറം പോലുമിന്ന്
കറുപ്പായിമാറിയിരിക്കുന്നു

2009, മേയ് 10, ഞായറാഴ്‌ച

ചായ


'ചായയുണ്ടാക്കൂ' തിളക്കും ദേഷ്യത്തില്‍
ഞാനുടന്‍ പന്ജസാരയായി
അലിഞ്ഞു
കടുപ്പം പോരയെന്ന
ക്രൂരനോട്ടത്തില്‍
കടിച്ചുചുവപ്പിച്ച
ചുണ്ട് ഒന്നുകൂടി
വിളറി
അത്രയും പേരുടെ
മുന്നില്‍ പാലില്ലെന്നു
പറയരുതല്ലോ
അതിനാല്‍
വരണ്ട മുലകളെ
ഞാന്‍ ഞെക്കിപിഴിഞ്ഞു
വരിവരിയായ്
നിരന്ന കപ്പുകളില്‍
നിറഞ്ഞ ചായ കൊടുങ്കാറ്റുയര്‍ത്തി
മൊത്തികുടിച്ച മുഖങ്ങള്‍
പിരിയുന്പോള്‍
പകരം വെക്കാന്‍ മറന്നില്ല
ശൂന്യമായ പാത്രത്തില്‍
അസ്സല്‍ എന്ന അഭിനന്ദനത്തിന്റ്
ഊറ്റിയ ഒരു തുള്ളി!

സാന്‍ഡ് വിച്ച്---നോവല്‍


എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു

നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.

ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്

മാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച സാന്റ്വിച്ച്
എന്ന നോവലില്‍നിന്ന് .author-sindhu.M

മഴക്കാലം


പണ്ടൊക്കെ മഴക്കാലമായാല്‍ കുട നന്നാക്കാന്‍ ആളുകള്‍ വരുമായിരുന്നു
അച്ഛ്ന്റ് നാടു നീളെ കടം വാന്ങി
നടുവൊടിന്ഞ കാലന്‍കുടയും
അമ്മയുടെ പേരിന് മാത്രം
പുറത്തിറന്ങാറുള്ള
കന്പി പൊട്ടി
ചുളുന്ങിയ വയറുള്ള
നരച്ച ശീലക്കുടയും
എന്റ് അകത്തു നിന്ന്
നോക്കിയാല്‍ ആകാശം
കാണുന്ന പുള്ളിക്കുടയും
ആരോഗ്യമുള്ള
പുതിയ കന്പിയിലും
അയലത്തെ മറ്റേതെങ്കിലും
കുടയുടെ നിറമുള്ള
തുണിയാല്‍ നാണം മറച്ചും
ഏതു പെരുമഴയത്തും
നനന്ഞു കുതിരാന്‍
മടിയില്ലെന്ന്
മാനം നോക്കി വിടര്‍ന്ന്
ചിരിച്ച്
പാടത്തേക്കും
പശുത്തൊഴുത്തിലേക്കും
പള്ളിക്കൂടത്തിലേക്കും
പുറപ്പെട്ട് പോവാറുണ്ട്!

ഹേമന്തത്തിലെ കാത്തിരിപ്പ്


ഞാന്‍ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചുകൊണ്ട് നിന്നിലേക്ക് പെയ്യാനൊരുങ്ങുന്നു
ആകാശം പോലുള്ള നിന്‍ നെന്ഞ്ചിന്‍ നീലിമകളിലൂടെ
ശാന്തസുന്ദരമായ തണുപ്പിലൂടെ ഗഹനതകളിലൂടെ
ഞാന്‍ പതുക്കെ പതുക്കെ ഒലിച്ചിറങ്ങും
നുരയുന്ന വീന്ഞു പാത്രങ്ങള്‍ പോലെയുള്ള
നിന്റെ കണ്ണുകള്‍
എന്റെ കവിളുകളെ ചുംബിച്ച് ചുവന്ന ബദാമിലകളാക്കിയ
നിന്റ ചുണ്ടുകള്‍ എല്ലാം സ്വന്തമാക്കാനായി
ഇലകള്‍ പൊഴിഞ്ഞു കിടക്കുന്ന കുന്നുകളും
ശോകമൂകമായ മഞ്ഞും മറച്ചുപിടിച്ച്
വിദ്യുത് പ്രഭയില്‍ തിളങ്ങുന്ന നഗരത്തെപോലെ
ഞാന്‍ നിനക്കായി എന്നെ സദാ അലങ്കരിച്ചു വെക്കുന്നു
എനിക്കറിയാം
ഖാവയുടെ ചവര്‍പ്പുള്ള സന്ധ്യകളും
പഴകിയ ഈന്തപ്പഴത്തിന്റ് മണമുള്ള
മഹസിലുകളും
ചുട്ടമാംസം മണക്കുന്ന
തെരുവുകളും മടുത്താല്‍
നീ എന്നിലേക്ക് തിരിച്ച് വരുമെന്ന്
വിറക്കുന്ന പുല്‍മേടുപോലെ
ഞാ​‍ന്‍ കാത്തിരിക്കും
ഹേമന്തത്തിലെ അവസാന മഞ്ഞിന്‍ കണം
അലിയുന്നതുവരെയും!

അടയാളം


അടയാളം

പുരമേയാനൊരുങ്ങുബൊള്‍
ചിതല്‍ അരിച്ച് ചുക്കിലി പിടിച്ച
കഴുക്കോലുകള്‍ കൂടുതലും അടുക്കള പുറത്ത്
വെള്ള തേക്കുബോള്‍ കരിയും കറയുമേറെ
പുറം ചുമരുകളില്‍
നിലം ചാന്തിടുമ്പോള്‍
വടക്കാറതന്നെയേറെ നിറം മങ്ങിയതും
പൊട്ടിയടര്‍ന്നതും.
എന്നാല്‍ തേച്ചു മിനുക്കാന്‍
അതിലൊക്കെ പണിപ്പെട്ടത്
ഉമ്മറത്തെ ചാരുകസേരയിലെ
മെഴുക്കുപുരണ തലയടയാളമായിരുന്നു

പ്രണയം-


രാത്രി കാലങ്ങളില്‍ കടല്‍ത്തീരത്ത് കഞ്ചാവ് വില്‍ക്കുന്നവരെ
പോലെയാണ് നാമും നമ്മുടെ
പ്രണയവുമെന്നവന്‍
പിരിയും നേരം
നിതംബത്തില്‍ പറ്റിപിടിച്ച
മണല്‍ത്തരികള്‍
പോലെ ഒന്നിച്ചു കണ്ട കാഴചകള്‍
കുടഞ്ഞു കളയാനാണ്
തിടുക്കം
ഒഴിഞ്ഞ ശംഖറകള്‍ പോലെയായ
ഹ്രുദയവും
സൂര്യലാളനങ്ങളേറ്റ്
ചുവന്ന തൊലിയും
പരുക്കന്‍ തിരസ്പര്‍ശത്താല്‍
തണുത്ത വിരലുകളും
സമുദ്രനിരപ്പില്‍ നിന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍
തുടിക്കുന്ന മഞ്ഞുമലകളും
മറക്കാനാവും പിന്നത്തെ ശ്രമം





വാസവദത്തയെ പോലെ
വേറെവേറെ നിറങ്ങളിലും
ആക്രുതിയിലുമുള്ള
പൊട്ടുകള്‍ തൊട്ട്
രാത്രിയേയും പകലിനേയും
ഒരുപോലെ വഞ്ചിക്കുന്നയെന്റെ
പാതിവ്രുത്യം
ഈന്തപ്പനയോലയിലും
കള്ളിച്ചെടികളിലുമുടക്കി
അപ്പോഴെനിക്ക്
പ്രണയത്തിന്റെ പുതിയ
ചില ജലാശയങ്ങള്‍
കാട്ടിത്തന്നു
എന്നാണ് നാം തിരമാലകളുടെ
മുഴക്കവും
ഈന്തപ്പനയോലയുടെ
മധ്യസ്ഥതയുമില്ലാതെ
തനിച്ചൊന്ന് കാണുക?
ആ കണ്ണുകളില്‍
ഒതുക്കി പിടിച്ച വേലിയേറ്റം
നമ്മള്‍
മണ്ണായാല്‍
ഭൂമിക്കടിയില്‍ നിന്ന്
പുല്ലായും പനിനീര്‍ച്ചെടിയായും
മുളക്കും
അപ്പോള്‍ ആരേയും ഭയക്കാതെ
പെയ്യുന്ന മഴയിലും
പൂക്കളുടെ മണത്തിലും
നാം നമ്മെ തിരിച്ചറിയും
കഴിഞ്ഞ ജന്മത്തിലെ
പ്രണയികളായിരിക്കും
വരും കാലങ്ങളില്‍ ഈ ഭൂമിയിലെ
മരങ്ങളത്രയും!

പച്ചക്കുപ്പായമിട്ടവര്‍..



മരുഭൂമിയിലിരുന്ന് പാടുന്നവനേ അറിയൂ
സൂര്യന്റെ കരുത്ത്
മണലിന്റെ മൂര്‍ച്ച
ഇലകളില്ലാതാവുന്നതിന്റെ
അസ്വസ്ഥത
എത്ര കല്ലെടുത്തെറിഞ്ഞാലും
അവന്‍ പിന്നെയും തലക്കുമുകളില്‍ തന്നെ
എവിടെ നോക്കിയാലും
പച്ചക്കുപ്പായമിട്ട മനുഷ്യര്‍
പുല്ലുചെത്തിമിനുക്കുന്ന
യന്ത്രങ്ങളുമായി
വെയിലുകൊണ്ടവര്‍
മുഖം കഴുകുന്നു
അവരുടെ മരപ്പെട്ടിയില്‍
പോയ കാലത്തിന്റെ
വസന്തം
വരള്‍ച്ചകള്‍ മറച്ചുപിടിച്ച്
എല്ലായിടത്തും നുള്ളിവിടര്‍ത്തിയ പൂക്കള്‍
പാര്‍ക്കുകളില്‍ പുല്‍മേടുകളില്‍
അവ ഇത്രപെട്ടന്ന്
പടര്‍ന്നുപിടിച്ചത്
ആ വിയര്‍പ്പുതുള്ളികളേറ്റു
തന്നെയായിരിക്കണം!

അംഗനവാടി-അഥവാ-പെണ്‍പൂന്തോട്ടം



ഓര്‍മ്മയില്‍ അംഗനവാടി
ശാന്തടീച്ചറുടെ
നനഞ്ഞ കുടപോലെ
തോളില്‍ കറുത്ത ബാഗും
നാലുമണിപ്പൂവിന്റെ
ചിരിയുമായവര്‍
വേലിക്കല്‍ നിന്നമ്മയോട്
മുലപ്പാലിന്റെ
ഗുണത്തെക്കുറിച്ച് പറയും
മഞ്ഞപ്പിത്തത്തിന്
കീഴാര്‍നെല്ലിയാണ്
നല്ലതെന്ന് ഉപദേശിക്കും

ഇടക്ക് സര്‍ക്കാറിന്റെ
സ്വന്തം ആളായി
ഒരു വരവുണ്ട്
ആ കറുത്തകുടക്കും
വള്ളിച്ചെരുപ്പിനും
അറിയാത്ത വഴികളുണ്ടാവില്ല
ഗ്രാമത്തില്‍

കണക്കെടുപ്പ്,കുത്തിവെപ്പ്
ക്യാമ്പുകള്‍
ഏതു തിരക്കിലും
ഓര്‍മ്മിക്കും
വേവാറായ ഉപ്പുമാവിനെയും
പാതിവഴിയില്‍ നിന്നു
ചിണുങ്ങുന്ന മഴക്കുഞ്ഞുങ്ങളേയും
നാരങ്ങമുട്ടായി തന്ന് ആശ്വസിപ്പിക്കും
മിനുത്തമാറില്‍ ചേര്‍ത്തുനിര്‍ത്തി
ഒന്നെന്ന് ചൊല്ലുമ്പോള്‍
ഒന്നിച്ച് നില്‍ക്കണമെന്ന്
പറയും

ഇടക്ക് നാമൊന്ന് നമുക്കൊന്ന്
എന്ന ബോര്‍ഡ് വന്നപ്പോഴും
ഉറകള്‍ ഉപയോഗിക്കാനുള്ള വിളംബരം ഉണ്ടായപ്പോഴും
പാത്തുമ്മയുടെ പേറ് നിര്‍ത്താനും
സമ്മാനമായി ബക്കറ്റ്
കൊടുക്കാനും മറന്നില്ല

പിന്നീട് കാലംമാറി കഥമാറി
സാക്ഷരകേരളം സുന്ദരകേരളമായി
മുക്കിലപ്പീടികക്കും രണ്ടത്താണിക്കും
പകരം സില്‍ക്ക് പാര്‍ക്കും
ബ്യുട്ടിക്യുനും വന്നു
ആരു കടന്നുപോകുമ്പോഴും
അഹങ്കാരത്തോടെ പൊടിപറത്തിയിരുന്ന
ചെമ്മണ്‍പാത
ഒന്നടങ്ങിയൊതുങ്ങി
കറുത്ത ടാറില്‍ കുളിച്ചു
ജോണി... ജോണി എസ് പപ്പയെന്ന
കൂക്കിവിളികള്‍
അതിലൂടെ പാഞ്ഞുപോയി

ശാന്തടീച്ചര്‍ എണ്ണക്കം പഠിപ്പിച്ചവര്‍
രണ്ടും മൂന്നും കുട്ടികളുമായി
ഓണത്തിനും തിരുവാതിരക്കും മാത്രം
അതിലൂടെ വരുന്ന വിരുന്നുകാരായി
അപ്പോഴും ശാന്തടീച്ചറും
അവരുടെ നരച്ച ഓര്‍ഗന്റി സാരികളും
വീടുകള്‍‍ തോറും കയറിയിറങ്ങി
മതിലിനകത്തെ ആള്‍സേഷന്‍
കുരകളില്‍ പകച്ചു നിന്നു
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി വെളുത്തൊരു കുഞ്ഞാട്
എന്നു പാടി
ഉപ്പുമാവിന്റെ വേവുനോക്കി

പ്രസവരേഖകളില്ലാ​ത്ത
വയറിന്റെ ചെരിവുകളില്‍
കുഞ്ഞുങ്ങളെ കിടത്തിയുറക്കി
ബ്ലൌസിനടിയിലെ
നാരങ്ങമുട്ടായികള്‍കാട്ടി
അവരുടെ കരച്ചില്‍ മാറ്റി!

പരീക്ഷണശാല


അടുക്കളയില്‍ ചില പുതുപരീക്ഷണങ്ങളുമായി ഞാന്‍
കല്ലടുപ്പിന് പകരം
വിങ്ങിവീര്‍ത്ത് മുലകള്‍
ചൂടേറ്റാന്‍ നെന്ഞിലെ നെരിപ്പോട്
ചുട്ടമാംസത്തിന് നിറമേകാന്‍
ചൂണ്ടു വിരലില്‍ നിന്നിറ്റിച്ച ചോര
ഉപ്പായ് ഒരുതുടം വിയര്‍പ്പ്
പയറുവര്‍ഗ്ഗങ്ങള്‍ക്ക് പകരം
പലജാതി ജീനുകള്‍
താളിക്കാന്‍ തലച്ചോറുരുക്കിയയെണ്ണ
മീതെയലങ്കരിക്കാന്‍
കരിഞ്ഞ കണ്ണ്
മണമറിയാത്ത മൂക്ക്
കനലില്‍ കൂര്‍പ്പിച്ച
കോന്പല്ലുകള്‍!