2014, ഡിസംബർ 17, ബുധനാഴ്‌ച

മറുപടി

നിന്റെ കത്തിലെ 
ചത്ത വാക്കുകൾക്കിടയിൽ 
തിരഞ്ഞു രണ്ടക്ഷരങ്ങൾക്കായ്‌  ഞാൻ 
ഓടിച്ചും മടക്കിയും 
നീയെഴുതിയ വരികള്ക്കിടയിലും 

അർദ്ധ വിരാമാങ്ങൾക്കടിയിലും 
ആശ്ചര്യചിന്ഹങ്ങൾക്കു ശേഷവും 
ആലങ്കരികമായി നിറഞ്ഞ നിൻ 
 കഷ്ട്ടപ്പാടിലും 
ഉത്തരം തരുവാനകാത്ത  
ചോദ്യ ചിഹ്നങ്ങൾക്കൊടുവിലും 
വെട്ടിതിരുത്തലുകൾക്കുള്ളിലും 
തിരഞ്ഞു വലഞ്ഞുവെൻ  കണ്ണകൾ 
പണ്ട് നീ പതിവായി കുറിക്കുമയിരുന്ന 
ആ രണ്ടക്ഷരങ്ങൾക്കായ്‌ 
എന്തോ നീ എഴുതാൻ മറന്നു പോയതാകാം 
ഒരു പക്ഷെ 
നീട്ടി വരച്ച അടിവരയും കൈയൊപ്പും 
കഴിഞ്ഞു 
വരികൾക്കിടയിൽ പിന്നെയും
 പിന്നെയും  അലഞ്ഞിട്ടും 
കണ്ടില്ല നിന്നെയും  പണ്ട് നീ 
പതിവായി എഴുതുമായിരുന്ന  
ആ വാക്കും............

2014, ജൂലൈ 14, തിങ്കളാഴ്‌ച

പനി



കിടക്കയില്‍   നിന്റെ കുളിര്‍ സ്പര്‍ശം 
നെറ്റിയില്‍ കാത്തിരിപ്പിന്‍ 
ക്ഷമയറ്റ  തീ പൊള്ളല്‍ 
വാക്കുകള്‍ വഴിമുട്ടും 
തൊണ്ടയില്‍ അലിഞ്ഞിറങ്ങും 
വിരഹ കയ് പ് 
ഞരന്വുകളില്‍ വജ്ര സൂചിയുടെ 
കുത്തിയിറക്കം 
സന്ധികളോട് സന്ധിയില്ലാ സമരം 
കോരിത്തരിച്ചു പുളയും 
പെക്കിനവിന്‍ പുതപ്പില്‍ 
ഉടലാകെ കനല്‍ കോരിയിടും 
പെരും കളിയാട്ടം 
പിച്ചും പേയും പുലമ്പും
രാവിന്‍ പാതി മൂര്‍ച്ചയില്‍ 
വിയര്‍പ്പായ്  ഉരുകി ഒലിക്കുമ്പോള്‍ 
നിയിലും കിടപ്പറയിലും 
ഒറ്റയാവുന്ന പരദേശ വാസിയെ 
ചുട്ടു നീറ്റും ഓര്‍മ്മ 
വര്‍ഷാന്ത്യത്തിലെപ്പോലോ 
അഗ്നിയായ് പടര്‍ന്ന പെണ്ണും പനിയും!  












                

2014, മാർച്ച് 6, വ്യാഴാഴ്‌ച

മഴ പ്രണയം സമരം

തിരുവനന്തപുരം സമരം 
സമാധാനപരമായിരുന്നെന്നു
പ്രതിപക്ഷവും ഭരണപക്ഷവും 
അവര്ക്കറിയില്ല ഓരോ സമരങ്ങളും
 ജനക്കൂട്ടത്തിനു 
നേരെയുള്ളയെറിയാ  കല്ലുകളാണെന്നു 
ഒരാളുടെ ചലന സ്വാതന്ത്ര്യത്തിനു നേരെ 
പാഞ്ഞു ചെല്ലുന്ന ലക്ഷ്യബോധമില്ലാത്ത 
കൈയേറ്റങ്ങൾ 
ജനക്കടലിന്റെ  അക്കരെ നിന്ന്  ഇക്കരെക്ക് 
നീന്തി വരുന്ന ഒരാള്ക്കയുള്ള 
കാത്തിരിപ്പിന്റെ കഴുത്തറക്കൽ 
ഫാസ്റ്റ് പാസെഞ്ചറും ലിമിറ്റഡ് സ്റ്റൊപ്പും 
പണിമുടക്കുമ്പോൾ പെരു വഴിയിൽ   
ബലാത്സംഗത്തിനു  ഇരയാവുന്ന 
പ്രണയത്തിന്റെ കന്യകാത്വം 
എല്ലാ സമരങ്ങളും വഴിമുടക്കികളാണ് 
അതു  മായ്ച്ചു കളയുന്നത്  
ഒരു തെരുവിന്റെ ചിരികൾ 
കാഴ്ചവെക്കുന്നത് 
പല നിറത്തിലുള്ള 
വികാര മരണങ്ങൾ 

 ആര്ക്കുവേണ്ടി  എന്തിനു വേണ്ടി 
എന്നറിയാതെ പടച്ചുണ്ടാക്കിയ
 ഒരു ന്യൂ  ജനറേഷൻ 
സിനിമ പോലെ    അവസാനിച്ച 
ഒരു സമരം 
മണ്‍സൂണ്‍ മഴയിൽ  നിന്ന് 
വേനലിലേക്ക് പതിച്ച ഇലപോലെ 
തണ് ക്കണോ ഉഷ്നിക്കണോ എന്നറിയാതെ 
സ്വന്തം വേരുകൾ  പതിഞ്ഞ മണ്ണിൽ  നിന്ന് 
വികാരശൂന്യമായ മറ്റൊരിടത്ത് 
ഒരാൾ ഉപേക്ഷിക്കപ്പെടുമ്പോൾ 
ഇവിടെ   രക്ത സാക്ഷികളാവുന്നത് 
നേരിന്റെ സ്വപ്നങ്ങളുടെ 
പാലിക്കപ്പെടാത്ത  ദീര്ഘകാല  വാഗ്ദ്ധാനങ്ങളാണ്    
അനിവാര്യമായ ഒരു കണ്ടുമുട്ടലിന്റെ
 തുറക്കാത്ത സമ്മാന പൊതികൾ പോലുള്ള 
  കുറച്ചു വാക്കുകളാണ്   

2012, ഡിസംബർ 2, ഞായറാഴ്‌ച

പൊന്നാനി 
----------------
പ്രലോഭനങ്ങള്‍ക്ക് നടുവിലും 
നഗരമാകാന്‍ കൂട്ടാക്കാത്ത 
പൊന്നാനിയുടെ ആഴ്ചാവസാന തിരക്കില്‍ 
പരിചിതരായ അപരിചിതരെപോലെ നാം
 
നമുക്ക് മുന്നില്‍ അപരിചിതത്വത്തിന്റെ 
തണുപ്പ് നിറച്ച പഴച്ചാറ് ഗ്ളാസ്സുകള്‍
എത്ര നേരമായോ എന്തോ 
ആരൊക്കെയോ വരാനിരിക്കുന്നു 
കാണാനിരിക്കുന്നു വെന്ന് 
വിയര്‍ക്കുന്ന  ഞാന്‍ 
 
ബുസ്സിരങ്ങിയും കയറിയും 
പോകുന്നവരില്‍ പരിചയക്കാര്‍ ഉണ്ടാവാം
ചിലപ്പോള്‍ ബന്ധുക്കളും 
ബൂട്ടി പാര്‍ലറില്‍ കയറി 
എത്ര കഴുകി തുടച്ചിട്ടും പോകുന്നില്ല 
പരന്വര്യത്തിന്റെ അടയാളങ്ങള്‍
 
പണ്ട് 
എന്റെ ഗ്രാമം 
നിഷ്കളങ്കതകള്‍ വിറ്റ് 
വീട്ടു സാമാനങ്ങള്‍ വാങ്ങാന്‍ 
വരുന്നിടം ആയിരുന്നു അവിടം 
പൊട്ടിയ ഒരു കമ്മലോ 
ഞ്ളുങ്ങിയ അലുമിനിയ പാത്രത്തിനോ പകരം 
തിളങ്ങുന്ന കല്ല്‌ വെച്ച ഒന്നോ 
മിന്നുന്ന ഒരു സ്റ്റീല്‍ പാത്രമോ
സ്വന്തമാക്കുന്നയിടം 
 
ചിലപ്പോള്‍ വഴിയാത്രക്കാരില്‍ 
ഉണ്ടാവാം 
കുടമണി കിലുക്കുന്ന വെളുത്ത 
കാളക്കുട്ടന്മാരുമായി  ദാസേട്ടന്‍ 
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ 
പായാരം നിറച്ച കാളവണ്ടിയുമായി 
 
അച്ഛന്റെ പെന്‍ഷന്‍ കൂട്ടുകാര്‍ 
കറന്റ്‌ ബില്ലടക്കാന്‍ ഗ്രാമത്തില്‍ 
നിന്നയക്കുന്ന ശിങ്കിടി പയ്യന്മാര്‍ 
ആര് കണ്ടാലും അത്ഭുതപ്പെടും 
ഗ്രാമത്തില്‍ നിന്ന് പ്രേമിച്ചു 
ഒളിച്ചോടി പോയവരുടെയും 
ആത്മഹത്യ ചെയ്തവരുടെയും 
ലിസ്റ്റില്‍ ഇല്ലാത്ത ഒരു പേര് 
ചിലപ്പോള്‍ പുതുതായി 
എഴുതി ചേര്ക്കപ്പെടാം 
 
എത്ര മാറിയിരിക്കുന്നു എല്ലാം 
വെള്ളമില്ലാത്ത ചമ്രവട്ടം പുഴയ്ക്കു
വൈകി കിട്ടിയ ശാപ മോക്ഷം പോലെ 
ഒരു  പാലം
 
മെയിന്‍ റോഡില്‍ നിന്ന് ചന്തപടി 
വരെ നീളുന്ന പരിചിതമായ കടകള്‍ 
സ്പൈക് ചെയ്ത   ചെറുപ്പക്കാരെ 
കാണുമ്പോള്‍ അപകര്‍ഷത്വം 
കൊണ്ട് ചൂളുന്ന പഴയ 
 കഷണ്ടിക്കാരെ പോലെ
പിന്നിലേക്ക്‌ മാറിയിരിക്കുന്നു 
എന്റെ കല്യാണത്തിന് 
സ്വര്‍ണ്ണം വാങ്ങിയ പുഞ്ചിരി ജെവേല്ലേരി ഇന്നു
വലിയൊരു പൊട്ടിച്ചിരിയായി നഗര മധ്യത്തില്‍ 
 
ചിലപ്പോള്‍ ആരുമുണ്ടാവില്ല 
എന്നെ അറിയുന്നവരായിട്ടു 
ഗ്രാമം എഴുതി തീര്‍ത്ത കഥകളിലെ 
കഥാപാത്രമാകാം ഞാന്‍ 
ഇനി ഞാനെത്ര മാറ്റി എഴുതിയാലും 
അവര്‍ സമ്മതിച്ചു തരില്ല 
തോട്ടുമുഖത്ത് ഭഗവതിയെയും 
തോന്നി കുരുംബ കാവില്‍ അമ്മയെയും
 ഒക്കെ പോലെ അവര്‍ എന്നെയും ഒരിടത്ത്
പ്രതിഷ്തടിച്ചിരിക്കുന്നു 
പണ്ടെങ്ങോ കല്യാണം കഴിഞ്ഞു പോയവള്‍ 
ഗ്രാമം കടന്നു 
പുഴ കടന്നു
കടല്‍ കടന്നു
പോയവള്‍ 
എഴുതി കഴിഞ്ഞ കഥകള്‍ 
തിരുത്തനാഗ്രഹിക്കാത്തവര്‍ 
ആയിരുന്നു എന്റെ നാട്ടുകാര്‍ 
ഉത്സവ പറന്വുകളിലെ   നാടകങ്ങള്‍ 
പോലെ ഒരേ ക്ലൈമാക്സ്‌ 
എന്നും രാജേട്ടന്‍ തന്നെ നായകന്‍ 
വേണുവേട്ടന്‍ വില്ലന്‍ 
എല്ലാം മാറ്റി മറിചെന്നഹങ്കരിക്കുന്ന 
അച്ഛന്റെ തൂലിക 
 
പൊന്നാനിയുടെ സാരിത്തുമ്പില്‍
നാണിച്ചു  മുഖം മറച്ചിരിക്കുന്ന  
 പുളിക്കകടവിനും  കിട്ടി ഇക്കുറി 
  കാറ്റില്‍ ആടുന്ന ഒരു തൂക്കു പാലം
 
ഒടുവില്‍ പാലങ്ങളുടെ നഗരമായി
 തീരുമോയിത്  എന്ന് അതിശയിപ്പിക്കും വിധം 
 
എന്നിട്ടും   ഉത്തരം കിട്ടാത്ത 
 ഒരായിരം യാത്രാസമസ്യകള്‍
 
അക്കരെക്കും ഇക്കരക്കു മിടയില്‍ 
നിശ്ചലമായി പോയ  
ഓര്‍മയുടെ  കളി വഞ്ചികള്‍ 
   
വറ്റിപോകുന്നു കാല്‍ നനയ്ക്കും  മുന്‍പേ 
 ഉള്ളിലെ  നാടെന്ന  ജലാശയം 
 
എങ്കിലും പൊന്നനിയെന്നും പൊന്നാനി തന്നെ
ആഗ്ര ചര്‍മ്മം മുറിക്കപ്പെട്ട 
മീസാന്‍ കല്ലുകളുടെ പ്രതാപത്തിലല്ല 
ഒരു കടലുണ്ടെന്ന അഹങ്കാരത്തിലുമല്ലാതെ  
ഞങ്ങള്‍ക്ക് ഉടഞ്ഞതും 
പൊട്ടിയതും നിറം മങ്ങിയതും 
വിളക്കി  ചേര്‍ക്കാനും 
വെളുപ്പിക്കാനും ഉള്ളയിടം 
 
എന്റെ കൌമാരം നീളന്‍ പാവാടയുടുത്തു 
പുതിയ അറിവുകളിലേക്ക് ബസ്സിറങ്ങിയതിവിടെയാണ് 
എ വി എച് എസ്സില്‍ നിന്നും 
പുതിയ അക്ഷരങ്ങള്‍ തുടിക്കുന്ന 
മനസിലേക്ക് 
മഷി നിറക്കാന്‍ പോയിരുന്ന  ബൈണ്ടരുടെ 
 പീടികയും 
എം ഈ എസ്സില്‍ നിന്ന് ഒരു മൂളിപ്പാട്ടോടെ 
പുറപ്പെടുന്ന സിന്ധു ബസ്സിലും 
വെച്ച് മറന്നെന്റെ കൌമാരത്തിന്റെ 
കുടയില്‍ ഇന്നു നാം 
പരസ്പരം കാണാതെ  കണ്ട്‌
ഒരായിരം കണ്ണുകള്‍ പെയ്യുന്ന
 മഴയിലേക്കിറങ്ങി 
 
ഒരു കുടയിലെങ്കിലും
അജ്ഞാതമായ ഭയത്തിന്റെ 
രണ്ടു മഴയത്ത്‌ നമ്മള്‍ 
കണ്ണിറുക്കി കാട്ടുന്നു 
കൂടെ വരട്ടെയെന്ന് ചോദിക്കുന്നു 
വെയിലും മഴയും ഒരുമിച്ചു 
ഈ കുടയില്‍ 
ഒടുവില്‍ ഒരു മഴ ഇടപ്പാളിലേക്കും
മറ്റേ മഴ മാറഞ്ചെറിയിലേക്കും 
ബസ്സു കയറി പോകും വരെ 
പല നിറത്തിലുള്ള ചിരി ചിരിച്ച 
എത്ര കുടകളാണ് നമ്മെ കടന്നു പോയത് 
അപ്പോളും അവശേഷിക്കുന്നു 
കുടിച്ചു തീരാത്ത അപരിചിതത്വത്തിന്റെ 
തണുപ്പായ് നമുക്കിടയില്‍ പൊന്നാനി 
പ്രലോഭനങ്ങള്‍ക്ക് നടുവിലും 
നഗരമാകാന്‍ കൂട്ടാക്കാതെ 
ഉള്ളില്‍ ഒരു കടലുണ്ടെന്ന അഹങ്കാരമില്ലാതെ ..................... 
 

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

വഴിവാണിഭം



മലപ്പുറത്തു നിന്ന് പാലക്കാട്ടേക്കുള്ള 
യാത്രയില്‍ 
വഴി നീളെ കാണാം നേരിയ മുണ്ടിന്റെ 
വിടവിലൂടെ വ്യാപാര സാദ്ധ്യതകള്‍ മുഴുവന്‍ 
പുറത്തേക്കിട്ട് നിന്ന നില്‍പ്പില്‍ ആണത്തത്തിന്റെ 
പിരിമുറുക്കങ്ങള്‍ അയച്ചു കളയുന്ന 
വഴി വാണിഭക്കാരെ 
നമ്മള്‍ അത് കണ്ടെന്നറിയുമ്പോള്‍ 
ഒരു സ്വയംഭോഗ നിര്‍വൃതിയുണ്ടാവും 
പാതി ചെരിഞ്ഞാ ചിരിയില്‍ 
കറുത്ത മാംസക്കായകള്‍ തൂങ്ങുന്ന 
കരിമ്പനക്കാഴ്ച്ചകളും
ഉറക്കം തൂങ്ങുന്ന കുഞ്ഞുങ്ങളെ തോളത്തിട്ടു 
നീങ്ങുന്ന മഞ്ഞ മുഖമുള്ള പെണ്ണുങ്ങളെയും 
പിന്നിട്ടു യാത്ര തുടരുമ്പോള്‍ 
വഴി നീളെ കൂട്ടിനുണ്ടാവും 
വാടിയ മുല്ലപൂ മണക്കുന്ന  ഒരു പാലക്കാടന്‍  കാറ്റു 
പേരക്കയും ഓറഞ്ചും ശരീരത്തോട് 
ചേര്‍ത്തു പിടിച്ച്ചോടി വരുന്ന കുരുന്നു വെള്ളരിക്ക കൈകള്‍ 
അപ്പോള്‍ അടിയുടുപ്പിന്റെ ആഴങ്ങളില്‍ നിന്ന് 
ഒരു പെണ്ണുറവ  പുറപ്പെടാന്‍ 
തിടുക്കം കാട്ടും
ജമന്തിപൂ ചിരി ചിരിക്കുന്ന നഗരമൂലകളില്‍ 
മറകള്‍ തിരയും 
കുട്ടിക്കാലത്ത് 
വാഴയുടെ കടക്കിലും 
ചെമ്പകത്തിന്റെ ചുവട്ടിലുമൊക്കെ 
ആകാശത്തിലേക്ക് നോക്കിയിരുന്നു 
ഒഴുക്കി വിടുമായിരുന്നു 
മുതിര്ന്നതില്‍ പിന്നെ അറിഞ്ഞിട്ടില്ല 
സ്വയമറിയാതെയുള്ള ഒഴുകലിന്റെ 
സുഖങ്ങള്‍ 
പിന്നെയേതോ അശ്ലീലം വഴുക്കുന്ന മൂത്രപ്പുരയില്‍ 
മൂക്കുപൊത്തി 
അരമണ്ഡലത്തില്‍  നിന്ന് 
സ്വയം പ്രകാശനം ചെയ്യുമ്പോള്‍ 
ഓര്‍ത്തുപോകുന്നു 
വഴിയോരങ്ങളിലെ ആ മൂത്രക്കാരെ
ഞങ്ങള്‍ മുറുക്കി കെട്ടിയും 
മൂടിപുതച്ചും കൊണ്ട് നടക്കുന്നതല്ലേ 
തെരുവോരങ്ങളില്‍ അവര്‍ 
വെറുതെ ഒഴിച്ച് കളയുന്നതെന്ന്‍ 
 

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കടലാസിലെ വീടുകള്‍


കുട്ടികള്‍ വരയ്ക്കുന്നു
കടലാസു നിറയെ വീടുകള്
അവരുടെ വീടിന്
അകത്തേക്കും പുറത്തേക്കുമായി
ഒരൊറ്റ വാതില്
കണ്ണുകള് പോലുള്ള
ഇരു ജാലകങ്ങള്
പിന്നംന്വുറത്തു
ജ്വലിച്ചു നില്‍ക്കുന്നുണ്ടാവും
എപ്പോളും
നട്ടുച്ചയും പ്രഭാതവും
തിരിച്ചറിയതൊരു
സൂര്യന്‍
കുഞ്ഞുങ്ങള്‍ക്ക് മാത്രം
കാണാന്‍  കഴിയുന്ന
നിഷ്ക്കളങ്കതയില്
മുറ്റത്ത് ഒരു പൂവ്

കടും നീലയില്
ആകാശത്തിന്റെ
ധാരാളിത്തം
പറക്കുകയാണെന്ന്
ഭാവിക്കുന്ന പക്ഷിയുടെ
ചന്തം
ഇല പൊഴിയലിന്റ്
ഭീതിയില്ലാത്ത ഒരു മരം

നേര്‍വരയില് ഒരേ ഒരു വഴി
 സ്വപ്നത്തിലേക്കും,യാഥാര്‍ത്ഥ്യത്തിലേക്കും
 ചിരിയിലേക്കും,കരച്ചിലിലേക്കും,………………..

2010, ഡിസംബർ 9, വ്യാഴാഴ്‌ച

എന്റെ മണ്‍പാത്രം






മൂന്ന് മുഴകള്‍
സദാചാരത്തിന്റെ
തുറുകണ്ണുകള്‍ പോലെ
വേരോടെ പിഴുതെടുക്കാന്‍ പറഞ്ഞു
ഡോക്ടര്‍മാര്‍

അറുത്തുമാറ്റാന്‍ എങ്ങിനെ കഴിയും
ജീവിതത്തിന്റെ
മധുരക്കനികളേന്തിയാ ശിഖരങ്ങളെ

പ്രണയമെന്തെന്നറിയാത്ത
-വനെറിഞ്ഞ
വിത്തും
കനിവോടെ ഏറ്റുവാങ്ങിയാ
മണ്ണിന്റെ നേരിനെ

ആദ്യമായ് വെളുത്ത ഷമ്മീസില്‍
വാകപൂചിരിയായ് പടര്‍ന്നതും
പിന്നീട് എത്ര
ഋതുഭേദങ്ങള്‍
അറിയാ വസന്തങ്ങള്‍
തീമഴ പെയ്ത സന്ധ്യകള്‍

തുടച്ചെടുക്കാന്‍ കഴിയില്ല
എത്ര ശ്രമിച്ചാലും അതിലെ
നോവിന്‍ വരകള്‍
പ്രണയപ്പാടുകള്‍
പിത്രുത്വം അവകാശപ്പെടാനില്ലാതെ
പോയ ബീജ സങ്കടങ്ങള്‍
ഭോഗ പരീക്ഷകള്‍

* * * * * * * * * * * * * * * *

ആശുപത്രിയുടെ തണുത്ത
വരാന്തയിലൂടെയുള്ള
ഇരുള്‍ മൂടിയ മടക്കയാത്രയില്‍
മൂന്ന് മുലക്കണ്ണുകള്‍ ചിരിക്കുന്ന
ഇനിയും വിശപ്പടങ്ങാത്ത
ബയോസ്പിപാത്രത്തെ നോക്കി
ഞാന്‍ പറഞ്ഞു
കൊണ്ടുപോകുന്നു കൂടെ

നനവൂറുന്നയീ മണ്‍പാത്രത്തെ

ജീവിച്ചിരിക്കുന്നുണ്ടെന്ന്
സ്വയം
വിശ്വസിപ്പിക്കാന്‍
എനിക്ക് ഇടക്കൊന്ന് ചുവക്കണം!