2010, ജനുവരി 4, തിങ്കളാഴ്‌ച

കള്ളിച്ചെടി



ഞാനീ മരുഭൂമിയില് തറഞ്ഞു പോയൊരു
കള്ളിച്ചെടി
ഉഷ്ണശിഖരങ്ങളില്
മുള്ളുകളേന്തി
ഇലകളീല്ലാതെ പൂക്കളില്ലാതെ
വിടരാനും കൊഴിയാനുമറിയാതെ

എന്റെയുള്ളില് തിളക്കുന്നുണ്ട്
ഇത്തിരി ജലം
കൊടുത്തു തീരാ‍ത്ത പ്രണയം പോലെ

ഒരു വേനലിനും ഉരുക്കാനാവാതെ
ഒരു കാറ്റിനും ഇളക്കാനാവാതെ
ഉറച്ചിരിക്കുന്നു എന്നിലീ മുള്ളുകള്
എങ്കിലും അവയെനിക്കിന്ന്
വസന്തങ്ങള്

പിറകിലും മുന്വിലും നിന്നെന്നെ
തിന്നു തീര്‍ക്കുന്ന
സൂര്യനെക്കാളും
ഒരു തുള്ളി പോലുമിറ്റിക്കാതെയൊളിച്ചു
കളിക്കുന്ന മേഘങ്ങളെക്കാളും
ഇന്നു ഞാനവയെ സ്നേഹിക്കുന്നു
അകലാനാവാതെ അടരാനാവാതെ
നുള്ളിയും പിച്ചിയും
അവയെന്നെയെന്നും
ഇറുകെ പുണര്‍ന്നു കൊണ്ടിരിക്കയല്ലെ………………………….